
കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായ ആലുവയിലെ ദന്ത ഡോക്ടര്‍ റനീഫയ്ക്ക് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുള്ളതായി ബോധ്യപ്പെടുന്നതായി ഹൈക്കോടതി വ്യക്തമാക്കി.
ഡോ. റനീഫയ്ക്ക് കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് കെ. ഹേമ ഉത്തരവില്‍ പറഞ്ഞു.
കേസില്‍ താന്‍ നിരപരാധിയാണെന്നുള്ള ഡോക്ടറുടെ വാദം ഹൈക്കോടതി തള്ളി. കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കുള്ളത് സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുകുമാരന്‍ കോടതിയില്‍ വിശദീകരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ജോസഫ് തയ്യാറാക്കിയിരുന്ന ചോദ്യപേപ്പറും മറ്റ് നിരവധി രേഖകളും ഡോക്ടറില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ചോദ്യപേപ്പറില്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന കാര്യങ്ങള്‍ ഉള്ളതായി ആരോപിക്കപ്പെട്ടതാണ് കൈപ്പത്തി വെട്ടിയ കേസിന്റെ മൂലകാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കുറ്റകൃത്യവുമായി ഡോക്ടറെ ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഹൈക്കോടതിക്ക് ബോധപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.
കുറ്റകൃത്യം നടന്നാല്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കേണ്ടിവരുമെന്ന് പ്രതികള്‍ ദന്ത ഡോക്ടറെ അറിയിച്ചിരുന്നു. അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് സംഭവത്തിനു ശേഷം പ്രതികള്‍ ഡോക്ടറെ സമീപിച്ചത്. അദ്ദേഹത്തെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മറ്റ് പ്രതികള്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. അധ്യാപകന്റെ കൈപ്പത്തി വെട്ടാന്‍ പ്രതികള്‍ മൂന്ന് തവണ ശ്രമിച്ചുവെങ്കിലും നാലാം തവണയാണ് അത് ഫലിച്ചതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും പരിക്കേറ്റവരെ ചികിത്സിക്കാന്‍ ഡോക്ടര്‍ നടപടി എടുത്തതും അദ്ദേഹത്തിന് ഗൂഢാലോചനയിലുള്ള പങ്ക് വെളിപ്പെടുത്തുന്നതായി പ്രോസിക്യൂഷന്‍ ശക്തിയായി ഉന്നയിക്കുകയും ചെയ്തു. ഈ കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അതിനാല്‍ ഡോക്ടറെ ജാമ്യത്തില്‍ മോചിപ്പിക്കുന്നത് ഉചിതമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞമാസം 17നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ നാസര്‍ ഒളിവിലാണെന്ന് കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ യൂനസ്സില്‍നിന്ന് മതപ്രഭാഷണങ്ങള്‍ ഉള്‍പ്പെട്ട സി.ഡികളും അറബിയിലുള്ള ലഘുലേഖകളും പോലീസ് പിടിച്ചിട്ടുണ്ട്. 20ഓളം പ്രതികളെ ഇനിയും അറസ്റ്റ്‌ചെയ്യാനുണ്ട്. ഡോക്ടറുടെ ജാമ്യ ഹര്‍ജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഇത്തരത്തിലുള്ള മൃഗീയമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് വന്‍ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന് എറണാകുളം ജില്ലാ കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മതസൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിതെന്നും കോടതി പറഞ്ഞിരുന്നു.
0 comments:
Post a Comment